Search This Blog

ജാലകം

Total Pageviews

Friday, December 18, 2015

വയനാട്


വയനാട്


വിസ്തൃതി : 2132 ചതുരശ്ര കി. മീ.

ജനസംഖ്യ : 6,71,195 (2001 -ലെ സെന്‍സസ് പ്രകാരം)

സമുദ്രനിരപ്പില്‍ നിന്ന് 700 മുതല്‍ 2100 വരെ മീറ്റര്‍ ഉയരത്തിലാണ് വയനാട്ടിലെ വിവിധ പ്രദേശങ്ങള്‍.

2132 ചതുരശ്ര കി. മീ. സ്ഥലത്തായി പശ്ചിമഘട്ടപ്രദേശത്ത് പരന്നു കിടക്കുന്ന വയനാട് ജില്ല ജൈവ വൈവിധ്യത്താല്‍ സമ്പന്നമാണ്. ഇന്നും ആധ്യനിക നാഗരികത കടന്നു ചെല്ലാത്ത ആദിവാസി ഗോത്രസമൂഹങ്ങള്‍ ഇവിടെ ജീവിക്കുന്നുണ്ട്. കേരളത്തിലെ ഏറ്റവും പഴക്കമുള്ള ശിലാരേഖകള്‍ ഇവിടെയാണ്. അമ്പലവയലിനു സമീപം ഇടക്കല്‍ ഗുഹയിലുള്ള ശിലാചിത്രങ്ങള്‍ ചരിത്രാതീത കാലത്തു തന്നെ സമ്പന്നമായ ഒരു സംസ്‌കൃതി ഇവിടെ നിലനിന്നിരുന്നു എന്നതിന്റെ തെളിവാണ്. ദൃശ്യചാരുതയാര്‍ന്ന കുന്നിന്‍ ചരിവുകള്‍, സുഗന്ധ വ്യഞ്ജനതോട്ടങ്ങള്‍, വനങ്ങള്‍, സമ്പന്നമായ സാംസ്‌കാരിക പാരമ്പര്യം തുടങ്ങിയവയെല്ലാം വയനാടിനെ വ്യത്യസ്തമാക്കുന്നു. ഡക്കാണ്‍ പീഢ ഭൂമിയുടെ തെക്കേ അഗ്രത്താണ് വയനാടിന്റെ സ്ഥാനം ഭൗമ ശാസ്ത്രജ്ഞര്‍ അടയാളപ്പെടുത്തുന്നത്.

  • സമീപ റെയില്‍വെ സ്റ്റേഷന്‍ : കോഴിക്കോട്
  • സമീപ വിമാനത്താവളം : കോഴിക്കോട്

ജില്ലയിലെ പ്രമുഖ പട്ടണങ്ങളും റെയില്‍വെ സ്റ്റേഷനും തമ്മിലുള്ള അകലം.

  • കല്‍പറ്റ : കോഴിക്കോട് നിന്ന് 72 കി. മീ.
  • മാനന്തവാടി : തലശ്ശേരിയില്‍ നിന്ന് 80 കി. മീ. / കോഴിക്കോട് നിന്ന് 106 കി. മീ.
  • സുല്‍ത്താന്‍ ബത്തേരി : കോഴിക്കോട് നിന്ന് 97 കി. മീ.
  • വൈത്തിരി : കോഴിക്കോട് നിന്ന് 60 കി. മീ.

റോഡ് മാര്‍ഗ്ഗം : കോഴിക്കോട്, കണ്ണൂര്‍, ഊട്ടി, മൈസൂര്‍ (കല്‍പറ്റ നിന്ന് 140 കി. മീ. ) എന്നിവിടങ്ങളില്‍ നിന്നെല്ലാം വയനാട് റോഡുമാര്‍ഗ്ഗം ബന്ധപ്പെട്ടു കിടക്കുന്നു.

ചെമ്പ്ര കൊടുമുടി
സമുദ്ര നിരപ്പില്‍ നിന്ന് ഏകദേശം 2100 മീറ്റര്‍ ഉയരത്തില്‍ വയനാടിനു തെക്ക് മേപ്പാടിക്കു സമീപമാണ് ചെമ്പ്ര കൊടുമുടി സ്ഥിതി ചെയ്യുന്നത്. മലകയറ്റക്കാരുടെ ശാരീരിക ക്ഷമതയെ പരീക്ഷിക്കുന്ന ചെമ്പ്ര ഈ പ്രദേശത്തെ ഏറ്റവും ഉയരമുള്ള കൊടുമുടിയാണ്. ചെമ്പ്ര കൊടുമുടി കയറിയിറങ്ങാന്‍ ഒരു ദിവസം മുഴുവന്‍ വേണ്ടി വരും. കൊടുമുടിയുടെ മുകളില്‍ താമസിച്ചാല്‍ അവിസ്മരണീയമായ ഒരനുഭവമായിരിക്കും അത്.

ചെമ്പ്രയില്‍ താമസ സൗകര്യം ആഗ്രഹിക്കുന്നവര്‍ കല്‍പ്പറ്റയിലുള്ള ജില്ലാ ടൂറിസം കൗണ്‍സില്‍ ഓഫിസുമായി ബന്ധപ്പെടുക.

നീലിമല
വയനാടിന്റെ തെക്കുകിഴക്കേ ഭാഗത്തു സ്ഥിതി ചെയ്യുന്ന നീലിമലയിലേക്ക് കല്‍പ്പറ്റയില്‍ നിന്നോ സുല്‍ത്താന്‍ ബത്തേരിയില്‍ നിന്നോ എത്തിച്ചേരാം.
ട്രക്കിംഗിനുള്ള നിരവധി കാനന പാതകള്‍ ഇവിടെയുണ്ട്. നീലിമലയുടെ മുകളില്‍ നിന്നും മീന്‍മുട്ടി വെള്ളച്ചാട്ടം കാണാം.

മീന്‍മുട്ടി
നീലിമലയ്ക്കു തൊട്ടടുത്തായി കാണപ്പെടുന്ന മീന്‍മുട്ടി വെള്ളച്ചാട്ടത്തിലേക്ക് വയനാടിനെ ഊട്ടിയുമായി ബന്ധിപ്പിക്കുന്ന പ്രധാന വഴിയില്‍ നിന്ന് 2 കി.മീ ദൂരം മാത്രമേ ഉള്ളു. 300 മീറ്റര്‍ ഉയരത്തില്‍ നിന്നുള്ള ഈ വെള്ളച്ചാട്ടം മൂന്നു തട്ടുകളായാണ് താഴേക്കു പതിക്കുന്നത്. വയനാട് ജില്ലയിലെ ഏറ്റവും വലിയ വെള്ളച്ചാട്ടമാണ് മീന്‍മുട്ടി.

ചെതലയം
വയനാടിന്റെ വടക്കന്‍ ഭാഗത്ത് സുല്‍ത്താന്‍ ബത്തേരിക്ക് സമീപമാണ് ചെതലയം വെള്ളച്ചാട്ടം കാണപ്പെടുന്നത്. മീന്‍മുട്ടിയുമായി താരതമ്യപ്പെടുത്തിയാല്‍ ചെതലയം ചെറിയ വെള്ളച്ചാട്ടമാണ്. പക്ഷിനിരീക്ഷകരുടെയും ട്രക്കിംഗ് പ്രിയരുടെയും ഇഷ്ട സ്ഥലമാണ.് ചെതലയത്തിന്റെ പരിസര പ്രദേശങ്ങള്‍.

പക്ഷി പാതാളം
സമുദ്രനിരപ്പില്‍ നിന്ന് 1700 ലധികം മീറ്റര്‍ ഉയരത്തില്‍ ബ്രഹ്മഗിരി കുന്നുകളില്‍ വനത്തിനുള്ളിലാണ് പക്ഷിപാതാളം. ഭീമാകാരമായ പാറകള്‍ കൊണ്ട് സമൃദ്ധമായ ഇവിടെ നിരവധി ഗുഹകള്‍ കാണപ്പെടുന്നു. അപൂര്‍വ്വ പക്ഷി മൃഗാദികളും ചെടികളും നിറഞ്ഞ പക്ഷി പാതാളം മാനന്തവാടിക്കു സമീപമാണ്. തിരുനെല്ലിയില്‍ നിന്ന് നിബിഡ വനത്തിലൂടെ 7 കിലോമീറ്റര്‍ സഞ്ചരിച്ചാലേ ഇവിടെ എത്തിച്ചേരാനാകൂ. നോര്‍ത്ത് വയനാട് DFO യില്‍ നിന്ന് ഇതിനുള്ള പ്രത്യേക അനുമതിയും വാങ്ങണം.

ബാണാസുര സാഗര്‍ അണക്കെട്ട്
മണ്ണു കൊണ്ട് നിര്‍മ്മിച്ച ഇന്ത്യയിലെ ഏറ്റവും വലിയ അണക്കെട്ടാണ് ബാണാസുര സാഗര്‍. വയനാടിന്റെ തെക്കു പടിഞ്ഞാറന്‍ ഭാഗത്ത് കരലാട് തടാകത്തിനു സമീപമാണ് അണക്കെട്ട് സ്ഥിതി ചെയ്യുന്നത്.അണക്കെട്ടിന്റെ റിസര്‍വോയറില്‍ നിരവധി ചെറുദ്വീപുകള്‍ കാണാം. ഇവിടെ നിന്ന് ബാണാസുര സാഗര്‍ മലയിലേക്ക് ട്രക്കിംഗ് നടത്താവുന്നതാണ്.

വയനാടിന്റെ ഗന്ധവും ശബ്ദവും ആസ്വദിച്ചു കഴിഞ്ഞാല്‍ ഇവിടെ നിന്ന് തനിമയാര്‍ന്ന എന്തെങ്കിലും ഉല്‍പ്പന്നങ്ങള്‍ വാങ്ങാതിരിക്കാനാവില്ല. കാപ്പി, തേയില, സുഗന്ധ ദ്രവ്യങ്ങള്‍, തേന്‍, മുള ഉല്‍പ്പന്നങ്ങള്‍, ഔഷധച്ചെടികള്‍ അങ്ങനെ പലതും ഇവിടെ നിന്ന് വാങ്ങാവുന്നതാണ്.

No comments: