www.wayanadhomestay.info
കേരളത്തിലെ 14-ാമത്തെ ജില്ലയായി 1980-ലാണ് വയനാട് ജില്ല രൂപീകൃതമായത്. വടക്കേ വയനാട് എന്നും, തെക്കേ വയനാട് എന്നും അറിയപ്പെട്ടിരുന്ന പ്രദേശങ്ങള്‍ ചേര്‍ത്താണ് വയനാട് ജില്ലയ്ക്ക് രൂപം നല്‍കിയത്. അതുവരെ വടക്കേ വയനാട് കണ്ണൂര്‍ ജില്ലയുടെയും, തെക്കേ വയനാട് കോഴിക്കോട് ജില്ലയുടെയും ഭാഗമായിരുന്നു. വിശാലമായ നെല്‍വയലുകള്‍ നിറഞ്ഞ നാടായിരുന്നു ഒരുകാലത്ത് വയനാട്. വയലുകളുടെ നാടായിരുന്നതിനാലാണ് വയനാട് എന്ന പേര് ലഭിച്ചതെന്ന് പറയപ്പെടുന്നു. വടക്കുഭാഗത്ത് കണ്ണൂര്‍ ജില്ല, കര്‍ണ്ണാടക സംസ്ഥാനം എന്നിവിടങ്ങള്‍ വരെയും, കിഴക്കുഭാഗത്ത് കര്‍ണ്ണാടകം, തമിഴ്നാട് എന്നീ സംസ്ഥാനങ്ങള്‍ വരെയും, തെക്കുഭാഗത്ത് തമിഴ്നാട് സംസ്ഥാനം, മലപ്പുറം, കോഴിക്കോട് ജില്ലകള്‍ എന്നിവിടങ്ങള്‍ വരെയും, പടിഞ്ഞാറുഭാഗത്ത് കോഴിക്കോട് ജില്ല വരെയും വ്യാപിച്ചുകിടക്കുന്ന വയനാട് ജില്ലയ്ക്ക് 2131 ചതുരശ്രകിലോമീറ്റര്‍ വിസ്തീര്‍ണ്ണമുണ്ട്. മാനന്തവാടി, സുല്‍ത്താന്‍ ബത്തേരി, കല്‍പ്പറ്റ, പനമരം എന്നിങ്ങനെ 4 ബ്ളോക്കുപഞ്ചായത്തുകളാണ് വയനാട് ജില്ലാ പഞ്ചായത്തിന്റെ പരിധിയില്‍ ഉള്‍പ്പെടുന്നത്. മേല്‍പ്പറഞ്ഞ 4 ബ്ളോക്കുകളിലായി 25 ഗ്രാമപഞ്ചായത്തുകളും 49 വില്ലേജുകളും സ്ഥിതി ചെയ്യുന്നു. കല്‍പ്പറ്റ ആണ് വയനാട് ജില്ലയുടെ ആസ്ഥാനവും ജില്ലയിലെ ഏക മുനിസിപ്പാലിറ്റിയും. വൈത്തിരി, സുല്‍ത്താന്‍ ബത്തേരി, മാനന്തവാടി എന്നിങ്ങനെ നാലു താലൂക്കുകളിലായി ഈ ജില്ലയിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ വ്യാപിച്ചുകിടക്കുന്നു. വയനാട് ജില്ലാപഞ്ചായത്തില്‍ ആകെ 16 ഡിവിഷനുകളുണ്ട്. സമുദ്രനിരപ്പില്‍ നിന്ന് ശരാശരി 700 മീറ്റര്‍ ഉയരത്തില്‍ മലമടക്കുകളില്‍ സ്ഥിതിചെയ്യുന്ന പീഠഭൂമി പ്രദേശമാണ് വയനാട് ജില്ല. കര്‍ണ്ണാടകം, തമിഴ്നാട് എന്നീ സംസ്ഥാനങ്ങളുമായി അതിര്‍ത്തി പങ്കിടുന്ന കേരളത്തിലെ ഏകജില്ലയാണ് വയനാട്. കാലാവസ്ഥയും ഭൂപ്രകൃതിയും കൊണ്ട് കര്‍ണ്ണാടക സംസ്ഥാനത്തോട് സാമ്യമുള്ള പ്രദേശമാണിത്. ലാറ്ററേറ്റ് വിഭാഗത്തിലും, ലോമി വിഭാഗത്തിലും പെടുന്ന മണ്ണിനങ്ങളാണ് ഈ ജില്ലയില്‍ പൊതുവേ കാണപ്പെടുന്നത്. ആദിവാസികളെ സംഘടിപ്പിച്ചുകൊണ്ട് ബ്രിട്ടീഷുകാര്‍ക്കെതിരെ പഴശ്ശിരാജാവ് സുധീരം പോരാടി വീണ മണ്ണാണ് വയനാട്. അദ്ദേഹവുമായി ചരിത്രബന്ധമുള്ള നിരവധി പ്രദേശങ്ങള്‍ വയനാട്ടിലുണ്ട്. അദ്ദേഹത്തിന്റെ ഭൌതികശരീരം സംസ്കരിച്ച സ്ഥലത്ത് സ്ഥിതി ചെയ്യുന്ന പഴശ്ശിസ്മാരകം സന്ദര്‍ശിക്കുന്നതിന് നിരവധിയാളുകള്‍ ഇവിടെയെത്തുന്നു. ഗോത്രവര്‍ഗ്ഗ സംസ്കൃതിയുമായി ബന്ധപ്പെട്ട സാംസ്കാരിക പശ്ചാത്തലമാണ് വയനാടിനുള്ളത്. ഇതര പ്രദേശങ്ങളില്‍ നിന്ന് ഇവിടേക്ക് കുടിയേറിയ വിവിധ ജനവിഭാഗങ്ങളുടെ ഭാഷ, ആചാരം, സംസ്കാരം, ജീവിത രീതി എന്നിവയും അവരുടെ മതവിശ്വാസങ്ങളും വയനാടന്‍ തനിമയില്‍ കഴിഞ്ഞു പോന്ന ആദിവാസികളും അവരുടെ ആചാരാനുഷ്ഠാനങ്ങളും എല്ലാം കൂടി ഇഴുകിച്ചേര്‍ന്ന ഒരു സങ്കരസംസ്കാരം ഇവിടെ ഉടലെടുത്ത് വികസിച്ചു വന്നതായി കാണാം. ഐക്യ കേരള പിറവി 1956-ല്‍ നടന്നതിനെ തുടര്‍ന്നു മലബാര്‍ ജില്ല, കണ്ണൂര്‍, കോഴിക്കോട്, പാലക്കാട് ജില്ലകളായി വിഭജിക്കപ്പെട്ടു. വടക്കേ വയനാട് കണ്ണൂരിലും, തെക്കേ വയനാട് കോഴിക്കോട് ജില്ലയിലും ഉള്‍പ്പെട്ടു. തുടര്‍ന്ന് കല്‍പ്പറ്റ, ബത്തേരി, മാനന്തവാടി എന്നീ വികസന ബ്ളോക്കുകള്‍ രൂപം കൊള്ളുകയും ചെയ്തു. ആദ്യകാലത്ത് വയനാട് പ്രദേശം 2 ജില്ലകളിലായി കിടന്നിരുന്നതിനാല്‍ ജില്ലയുടെ ഏകീകൃത വികസനത്തിന് സാധ്യതയില്ലായിരുന്നു. പിന്നീട് ഒരു റവന്യൂ ഡിവിഷനാക്കി 1979 വരെ പ്രവര്‍ത്തനം തുടര്‍ന്നു. 1980-ല്‍ വയനാട് ജില്ല രൂപം കൊണ്ടതോടെ പല മേഖലകളിലും ഈ പ്രദേശത്തിന്റെ പുരോഗതി ത്വരിതഗതിയിലായി. വയനാട് ജില്ല വൈത്തിരി, സുല്‍ത്താന്‍ ബത്തേരി, മാനന്തവാടി എന്നീ താലൂക്കുകളായി വിഭജിക്കപ്പെട്ടു.