http://www.wayanadhomestay.info/
മനംമയക്കുന്ന വനചാരുതയുടെ ദൃശ്യഭംഗിയില്‍ കുറുവ ദ്വീപ് സഞ്ചാരികളുടെ പറുദീസയായി മാറുകയാണ്. ഇന്ത്യയിലെ ആള്‍പ്പാര്‍പ്പില്ലാത്ത ഏറ്റവും വലിയ ദ്വീപില്‍ വിരുന്നെത്തുന്നവരുടെ എണ്ണം നാള്‍ക്കുനാള്‍ കൂടുന്നു. കബനിയുടെ കൈവഴികളില്‍ ഇഴപിരിഞ്ഞ് പ്രകൃതി മുഖം നോക്കുകയാണ് ഇവിടെയുള്ള ചെറുദ്വീപുകളില്‍. മാനത്തേക്ക് ശിഖരം നീട്ടുന്ന മുത്തച്ഛന്‍ മരങ്ങളും വനപുഷ്പങ്ങളും കുളിരുപകരുന്ന കാട്ടുവഴികളും നഗരത്തിരക്കില്‍നിന്നെത്തുന്ന സഞ്ചാരികളുടെ മനംകവരുന്നു.
വയനാട്ടിലെ ജലവിനോദസഞ്ചാരത്തിന്റെ സാധ്യതകള്‍കൂടിയാണ് കുറുവയില്‍ പ്രതിഫലിക്കുന്നത്. തടാകങ്ങളിലെ കുളിരില്‍ ഇത്തിരി നേരം ചെലവിടാന്‍... പ്രകൃതിയുടെ മടിത്തട്ടില്‍ വിശ്രമിക്കാന്‍ അയല്‍ സംസ്ഥാനങ്ങളില്‍നിന്നുപോലും സഞ്ചാരികള്‍ കൂട്ടമായി എത്താറുണ്ട്. 950 ഏക്കര്‍ വിസ്തീര്‍ണമുള്ള ദ്വീപില്‍ അനേകം ചെറു ജലാശയങ്ങളുണ്ട്. മഴക്കാലത്ത് കഴുത്തിനൊപ്പം വെള്ളത്തില്‍ മുങ്ങി ദ്വീപ് അപാരമായ വിദൂരക്കാഴ്ചകള്‍ നല്‍കും. സപ്തംബര്‍ പിന്നിടുന്നതോടെ കബനിയുടെ ഓളങ്ങള്‍ കടന്ന് ദ്വീപിലേക്കുള്ള യാത്രകള്‍ തുടങ്ങും. പിന്നീട് മഴക്കാലമെത്തുന്നതുവരെയും നിലയ്ക്കാത്ത പ്രവാഹം.
ജൈവമണ്ഡലത്തില്‍നിന്ന് അനുദിനം പിന്‍വാങ്ങുന്ന നൂറുകണക്കിനു സസ്യങ്ങളുടെയും ചെറുപ്രാണികളുടെയും ആവാസകേന്ദ്രം കൂടിയാണിത്. കാടിന്റെ തനതു സംഗീതത്തിനു കാതോര്‍ക്കാന്‍ സഞ്ചാരികള്‍ ഇവിടെ നിശ്ശബ്ദരായി നടന്നു നീങ്ങുന്നു. പുഷ്പിക്കുന്ന വന്‍ മരങ്ങളും കരിമരുതും ഓര്‍ക്കിഡുകളും ഇവിടെ ധാരാളമായി കാണാം.
കൃത്രിമങ്ങളില്ലാത്ത കാട്ടറിവിന്റെ വശ്യത നുകരാന്‍ പ്രകൃതിപഠനയാത്രികരും വയനാട്ടിലേക്ക് ചുരം കയറുന്നു. ഒക്ടോബര്‍ ആകുന്നതോടെ കടല്‍ കടന്നും ദേശാടനക്കിളികള്‍ ഈ ദ്വീപിലേക്ക് വിരുന്നുവരാറുണ്ട്. ദ്വീപുകളുടെ തീരത്ത് ദിവസങ്ങളോളം ചെലവഴിച്ചാണ് വിദേശീയരായ ഈ സഞ്ചാരികളുടെ തിരിച്ചുപോക്ക്.
കടുത്ത വേനലിലും സൂര്യപ്രകാശം കടക്കാത്ത, വന്‍മരങ്ങള്‍ കുടചൂടിയ തണലോരങ്ങള്‍ യാത്രയുടെ വയനാടന്‍ അനുഭവങ്ങള്‍ അവിസ്മരണീയമാക്കുന്നു. മുളം ചങ്ങാടങ്ങള്‍ കൂട്ടിക്കെട്ടി കബനിനദിയിലൂടെ കുറുവയെ ചുറ്റിക്കാണാന്‍ റിവര്‍റാഫ്റ്റിങ് ഇവിടെ ഏര്‍പ്പെടുത്തിയിട്ടുണ്ട്. മണിക്കൂറിനു മൂന്നൂറ് രൂപ നല്‍കിയാല്‍ ഓളപ്പരപ്പിലൂടെ സഞ്ചാരികള്‍ക്കു യാത്ര ചെയ്യാം. പത്തോളം പേരെ ചങ്ങാടത്തില്‍ കയറ്റിയുള്ള ഈ സാഹസിക ജലയാത്ര സഞ്ചാരികള്‍ക്കു പ്രിയപ്പെട്ടതാണ്.
No comments:
Post a Comment